നിങ്ങളുടെ ശത്രുവിനെ സ്‌നേഹിക്കുക
അവൾ എന്നെ കാണുന്നതിന് മുമ്പ് ഞാൻ ഒരു മുറിയിലേക്കു കയറി. ഒളിച്ചിരിക്കുന്നതിൽ ഞാൻ ലജ്ജിച്ചു, പക്ഷേ അന്നോ അല്ലെങ്കിൽ എപ്പോഴെങ്കിലുമോ അവളെ അഭിമുഖീകരിക്കാൻ ഞാൻ ആഗ്രഹിച്ചില്ല. അവളോട് പറയാനും അവളെ അവളുടെ സ്ഥാനത്ത് നിർത്താനും ഞാൻ ആഗ്രഹിച്ചു. അവളുടെ മുൻകാല പെരുമാറ്റത്തിൽ ഞാൻ അസ്വസ്ഥനായിരുന്നുവെങ്കിലും, ഒരുപക്ഷേ ഞാൻ അവളെ കൂടുതൽ പ്രകോപിപ്പിച്ചിട്ടുണ്ടാകാം.
യെഹൂദന്മാരും ശമര്യക്കാരും തമ്മിൽ പരസ്പരം പ്രകോപിപ്പിക്കുന്ന ഒരു ബന്ധമാണുണ്ടായിരുന്നത്. സമ്മിശ്ര വംശജരായ ഒരു ജനതയായതിനാലും സ്വന്തം ദേവന്മാരെ ആരാധിക്കുന്നതിനാലും ശമര്യക്കാർ - യെഹൂദന്മാരുടെ കണ്ണിൽ - യെഹൂദ വംശശുദ്ധിയെ കളങ്കപ്പെടുത്തിയവരും ഗെരിസീം പർവ്വതത്തിൽ ഒരു ബദൽ മതം സ്ഥാപിച്ചതുവഴി വിശ്വാസത്തെ ത്യജിച്ചവരും ആയിരുന്നു (യോഹന്നാൻ 4:20). വാസ്തവത്തിൽ, ശമര്യക്കാരെ അത്രയധികം നിന്ദിച്ചതിനാൽ, അവരുടെ രാജ്യത്തിലൂടെയുള്ള നേരിട്ടുള്ള വഴിയിലൂടെ സഞ്ചരിക്കുന്നതിനുപകരം ആ രാജ്യത്തെ ചുറ്റി ദീർഘമായ ദൂരം സഞ്ചരിക്കുവാൻ യെഹൂദന്മാർ മടിച്ചിരുന്നില്ല.
യേശു ഒരു മികച്ച മാർഗ്ഗം വെളിപ്പെടുത്തി. ശമര്യക്കാർ ഉൾപ്പെടെ എല്ലാ ആളുകൾക്കും അവൻ രക്ഷ കൊണ്ടുവന്നു. പാപിയായ ഒരു സ്ത്രീക്കും അവളുടെ പട്ടണത്തിനും ജീവനുള്ള വെള്ളം എത്തിക്കുന്നതിനായി അവൻ ശമര്യയുടെ ഹൃദയത്തിൽ പ്രവേശിച്ചു (വാ. 4-42). ശിഷ്യന്മാരോടുള്ള അവന്റെ അവസാന വാക്കുകൾ തന്റെ മാതൃക പിന്തുടരുക എന്നതായിരുന്നു. യെരൂശലേമിൽ തുടങ്ങി ശമര്യയിലൂടെ ''ഭൂമിയുടെ അറ്റത്തോളം'' എത്തുന്നതുവരെ, അവർ എല്ലാവരോടും അവന്റെ സുവാർത്ത പങ്കിടണം (പ്രവൃത്തികൾ 1:8). ഭൂമിശാസ്ത്രപരമായ അടുത്ത ക്രമത്തെക്കാൾ കൂടുതലായ ഒന്നായിരുന്നു ശമര്യ. ദൗത്യത്തിന്റെ ഏറ്റവും വേദനാജനകമായ ഭാഗമായിരുന്നു അത്. തങ്ങൾക്ക് ഇഷ്ടമില്ലാത്ത ആളുകളെ സ്‌നേഹിക്കാൻവേണ്ടി ആജീവനാന്ത മുൻവിധിയെ ശിഷ്യന്മാർക്കു മറികടക്കേണ്ടിയിരുന്നു.
നമ്മുടെ പ്രശ്‌നങ്ങളേക്കാൾ യേശു നമുക്ക് പ്രാധാന്യമുള്ളവനായിരിക്കുന്നുവോ? അതുറപ്പാക്കാൻ ഒരു വഴിയേയുള്ളൂ, നിങ്ങളുടെ ''ശമര്യക്കാരനെ'' സ്‌നേഹിക്കുക.
ആർക്കാണ് നിങ്ങളുടെ പിന്തുണ വേണ്ടത്?
ക്ലിഫോർഡ് വില്യംസ് ചെയ്യാത്ത കൊലപാതകത്തിനു വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു. വധശിക്ഷ കാത്തിരിക്കുമ്പോൾ തന്നേ, തനിക്കെതിരായ തെളിവുകൾ പുനഃപരിശോധിക്കാൻ അദ്ദേഹം പല അപേക്ഷകളും സമർപ്പിച്ചെങ്കിലും ഓരോ അപേക്ഷയും നിരസിക്കപ്പെട്ടു - അങ്ങനെ നാൽപ്പത്തിരണ്ടു വർഷങ്ങൾ കടന്നുപോയി. അപ്പോഴാണ് അറ്റോർണി ഷെല്ലി തിബോഡെയോ അദ്ദേഹത്തിന്റെ കേസിനെക്കുറിച്ചറിഞ്ഞത്. വില്യംസിനെ ശിക്ഷിക്കാൻ തെളിവുകളൊന്നും ഇല്ലെന്നു മാത്രമല്ല, മറ്റൊരാൾ ആ കുറ്റം സമ്മതിച്ചിരുന്നതായും അവർ കണ്ടെത്തി. എഴുപത്തിയാറാമത്തെ വയസ്സിൽ വില്യംസിനെ കുറ്റവിമുക്തനാക്കി വിട്ടയച്ചു.
പ്രവാചകന്മാരായ യിരെമ്യാവും ഊരീയാവും വലിയ കുഴപ്പത്തിലായിരുന്നു. യെഹൂദാജനം മാനസാന്തരപ്പെടുന്നില്ലെങ്കിൽ അവരെ ശിക്ഷിക്കുമെന്ന് ദൈവം വാഗ്ദാനം ചെയ്തിരിക്കുവെന്ന് അവർ ജനത്തോടു പറഞ്ഞിരുന്നു (യിരെമ്യാവ് 26:12-13, 20). ഈ സന്ദേശം യെഹൂദയിലെ ജനങ്ങളെയും ഉദ്യോഗസ്ഥന്മാരെയും പ്രകോപിപ്പിച്ചു; അവർ ഈ രണ്ടു പ്രവാചകന്മാരെയും കൊല്ലുവാൻ ശ്രമിച്ചു. ഊരിയാവെ കൊല്ലുന്നതിൽ അവർ വിജയിച്ചു. അവൻ ഈജിപ്തിലേക്കു ഓടിപ്പോയെങ്കിലും അവർ അവനെ പിടിച്ച് രാജാവിന്റെ മുമ്പിൽ കൊണ്ടുവന്നു. ''അവൻ അവനെ വാൾകൊണ്ടു കൊന്നു'' (വാ. 23). എന്തുകൊണ്ടാണ് അവർ യിരെമ്യാവിനെ കൊല്ലാതിരുന്നത്? അതിന്റെ ഒരു കാരണം, ''യിരെമ്യാവെ ജനത്തിന്റെ കൈയിൽ ഏല്പിച്ചു കൊല്ലാതിരിക്കേണ്ടതിനു ശാഫാന്റെ മകനായ അഹീക്കാം അവനു പിന്തുണയായിരുന്നു'' (വാ. 24).
മരണത്തെ അഭിമുഖീകരിക്കുന്ന ആരെയും നമുക്ക് അറിയില്ലായിരിക്കാം, എങ്കിലും നമ്മുടെ പിന്തുണ ആവശ്യമായിരിക്കുന്ന ഒരാളെ നമുക്കറിയാമായിരിക്കും. ആരുടെ അവകാശങ്ങളാണ് ചവിട്ടിമെതിക്കപ്പെടുന്നത്? ആരുടെ കഴിവുകളാണ് അവഗണിക്കപ്പെടുന്നത്? ആരുടെ ശബ്ദമാണ് കേൾക്കപ്പെടാതെ പോകുന്നത്? തിബോഡെയോയെപ്പോലെയോ അഹീക്കാമിനെപ്പോലെയോ ചുവടുവയ്ക്കുന്നത് ഒരുപക്ഷേ അപകടകരമായേക്കാം. എങ്കിലും അത് ശരിയായ കാര്യമാണ്. ദൈവം നമ്മെ നയിക്കുന്നതുപോലെ നാം ആർക്കുവേണ്ടിയാണ് നിലകൊള്ളേണ്ട ത്?
യേശു നമ്മെ യഥാസ്ഥാനപ്പെടുത്തുന്നു
അശോക് ഒരു തെറ്റും ചെയ്യാതിരുന്നിട്ടും അദ്ദേഹത്തിന് അസംബ്ലി ലൈനിലെ ജോലി നഷ്ടപ്പെട്ടു. മറ്റൊരു ഡിവിഷനിലെ അശ്രദ്ധയാണ് അവര്‍ നിര്‍മ്മിച്ച കാറുകളില്‍ പ്രശ്നങ്ങളുണ്ടാകാന്‍ കാരണം. നിരവധി തകര്‍ച്ചകളുടെ വാര്‍ത്തകള്‍ വന്നതോടുകൂടി, ജാഗ്രതയുള്ള ഉപഭോക്താക്കള്‍ അവരുടെ ബ്രാന്‍ഡ് വാങ്ങുന്നതു നിര്‍ത്തി. കമ്പനിക്കു ജോലിക്കാരെ കുറയ്‌ക്കേണ്ടി വന്നപ്പോള്‍ അശോകിനും ജോലി നഷ്ടമായി. മറ്റൊരാളുടെ തെറ്റിന്റെ പാര്‍ശ്വഫലമായാണ് അശോകിനു നഷ്ടമുണ്ടായത്, അത് നീതിയല്ല, അതൊരിക്കലുമല്ല.
ചരിത്രത്തിലെ ആദ്യത്തെ, പാര്‍ശ്വഫലമായ നഷ്ടം സംഭവിച്ചത് ആദ്യപാപത്തിനു തൊട്ടുപിന്നാലെയാണ്. ആദാമും ഹവ്വായും അവരുടെ നഗ്‌നതയെക്കുറിച്ച് ലജ്ജിതരായതിനാല്‍, ദൈവം ''തോല്‍കൊണ്ട്'' ഉടുപ്പുണ്ടാക്കി അവരെ ഉടുപ്പിച്ചു (ഉല്പത്തി 3:21). സങ്കല്‍പ്പിക്കുന്നതുപോലും വേദനാജനകമാണ്, പക്ഷേ തോട്ടത്തില്‍ എപ്പോഴും സുരക്ഷിതമായിരുന്ന ഒന്നോ അതിലധികമോ മൃഗങ്ങളെ ഇപ്പോള്‍ അറുത്ത് തൊലിയുരിക്കേണ്ടിവന്നു.
അതുകൊണ്ടും അവസാനിച്ചില്ല. ദൈവം യിസ്രായേലിനോടു പറഞ്ഞു, ''ഒരു വയസ്സു പ്രായമുള്ളതും ഊനമില്ലാത്തതുമായ ഒരു കുഞ്ഞാടിനെ നീ ദിനം പ്രതി യഹോവയ്ക്കു ഹോമയാഗമായി അര്‍പ്പിക്കണം; രാവിലെതോറും അതിനെ അര്‍പ്പിക്കണം'' (യെഹെസ്‌കേല്‍ 46:13). ഒരു. കുഞ്ഞാടിനെ. ദിനംപ്രതി. മനുഷ്യന്റെ പാപം കാരണം എത്ര ആയിരം മൃഗങ്ങളെയാണ് ബലികഴിച്ചിട്ടുണ്ടാവുക?
ദൈവത്തിന്റെ കുഞ്ഞാടായ യേശു, നമ്മുടെ പാപത്തെ നീക്കാന്‍ വരുന്നതുവരെ അവയുടെ മരണം അനിവാര്യമായിരുന്നു (യോഹന്നാന്‍ 1:29). ഇതിനെ ''പാര്‍ശ്വഫലമായ പരിഹരിക്കല്‍''എന്നു വിളിക്കാം. ആദാമിന്റെ പാപം നമ്മെ കൊല്ലുന്നതുപോലെ, അവസാനത്തെ ആദാമിന്റെ (ക്രിസ്തുവിന്റെ) അനുസരണം അവനില്‍ വിശ്വസിക്കുന്ന എല്ലാവരെയും യഥാസ്ഥാനപ്പെടുത്തുന്നു (റോമര്‍ 5:17-19). പാര്‍ശ്വഫലമായ പരിഹരിക്കല്‍ ന്യായമല്ല - ഇതിന് യേശുവിന്റെ ജീവന്‍ നഷ്ടമായി - എങ്കിലും ഇതു സൗജന്യമാണ്. വിശ്വാസത്താല്‍ യേശുവിനെ സമീപിക്കുക, അവിടുന്നു നല്‍കുന്ന രക്ഷ സ്വീകരിക്കുക, അവിടുത്തെ നീതിപൂര്‍വമായ ജീവിതം നിങ്ങളുടേതായി കണക്കാക്കപ്പെടും.
നിങ്ങള്‍ ആരാണ്?
'ഗുഡ് മോണിംഗ്,'' ഞങ്ങളുടെ വീഡിയോ കോണ്‍ഫറന്‍സിന്റെ ലീഡര്‍ പറഞ്ഞു. ഞാന്‍ 'ഹലോ' എന്നു തിരികെ പറഞ്ഞു. പക്ഷേ ഞാന്‍ അദ്ദേഹത്തെ നോക്കിയില്ല. സ്‌ക്രീനില്‍ കണ്ട എന്റെ സ്വന്തരൂപം എന്നെ പിന്തിരിപ്പിച്ചു. ഞാന്‍ ഇങ്ങനെയാണോ? സ്‌ക്രീനില്‍ കാണുന്ന മറ്റുള്ളവരുടെ പുഞ്ചിരിക്കുന്ന മുഖത്തേക്കു ഞാന്‍ നോക്കി. അത് അവരെപ്പോലെ തന്നെ തോന്നുന്നു. അതെ, ഇതു ഞാനായിരിക്കണം. എനിക്കു കുറച്ചു ഭാരം കുറയ്ക്കണം. മുടി വെട്ടുകയും വേണം.
ഫറവോന്റെ മനസ്സില്‍, അവന്‍ വളരെ ശ്രേഷ്ഠനായിരുന്നു. അവന്‍ ''ജാതികളുടെ ഇടയില്‍ ഒരു ബാലസിംഹവും കടലിലെ ഒരു നക്രവും ആയിരുന്നു'' (യെഹെസ്‌കേല്‍ 32:2). എന്നാല്‍ പിന്നീട് ദൈവത്തിന്റെ വീക്ഷണകോണില്‍ നിന്ന് ഒരു ദര്‍ശനം അവനു ലഭിച്ചു. അവന്‍ അപകടത്തിലാണെന്നും അവന്റെ ശവം വന്യമൃഗങ്ങള്‍ക്ക് എറിഞ്ഞുകൊടുക്കുമെന്നും ദൈവം അവനോടു പറഞ്ഞു. 'ഞാന്‍ അനേകം ജാതികളെ നിന്നെച്ചൊല്ലി സ്തംഭിക്കുമാറാക്കും; അവരുടെ രാജാക്കന്മാര്‍ കാണ്‍കെ ഞാന്‍ എന്റെ വാള്‍ വീശുമ്പോള്‍, അവര്‍ നിന്റെ നിമിത്തം അത്യന്തം പേടിച്ചുപോകും'' (വാ. 10). ഫറവോന്‍ താന്‍ വിചാരിച്ചത്രയും മതിപ്പുള്ളവനായിരുന്നില്ല.
നാം 'ആത്മീയമായി സൗന്ദര്യമുള്ളവരാണ്' എന്നു നാം വിചാരിച്ചേക്കാം - ദൈവം കാണുന്നതുപോലെ നമ്മുടെ പാപങ്ങളെ നാം കാണുന്നതുവരെയേ ആ വിചാരം നില്‍ക്കുകയുള്ളു. അവിടുത്തെ വിശുദ്ധ നിലവാരവുമായി താരതമ്യപ്പെടുത്തുമ്പോള്‍, 'നമ്മുടെ നീതി പ്രവൃത്തികള്‍ കറപുരണ്ട തുണിപോലെയാണ്'' (യെശയ്യാവ് 64:6). എന്നാല്‍ ദൈവം, മറ്റൊന്നുകൂടി കാണുന്നു - കൂടുതല്‍ യാഥാര്‍ത്ഥ്യമായ ഒരു കാര്യം: അവിടുന്ന് യേശുവിനെ കാണുന്നു, അവിടുന്ന് യേശുവില്‍ നമ്മെ കാണുന്നു.
നിങ്ങള്‍ എങ്ങനെയാണെന്നതില്‍ നിരുത്സാഹം തോന്നുന്നുണ്ടോ? ഇത് യഥാര്‍ത്ഥ നിങ്ങളല്ലെന്ന് ഓര്‍ക്കുക. നിങ്ങള്‍ യേശുവില്‍ ആശ്രയം വെച്ചിരിക്കുന്നുവെങ്കില്‍, നിങ്ങള്‍ യേശുവിലാണ്, അവിടുത്തെ വിശുദ്ധി നിങ്ങളെ പൊതിഞ്ഞിരിക്കുന്നു. നിങ്ങള്‍ ചിന്തിക്കുന്നതിനെക്കാളും സുന്ദരനാണ്/സുന്ദരിയാണ് നിങ്ങള്‍.
മരണ മേഖല
2019 ല്‍, ഒരു പര്‍വ്വതാരോഹകന്‍ എവറസ്റ്റ് കൊടുമുടിയില്‍ നിന്നുകൊണ്ട് തന്റെ അവസാനത്തെ സൂര്യോദയം ദര്‍ശിച്ചു. അപകടകരമായ കയറ്റം അദ്ദേഹം കയറിയെങ്കിലും ഉയരത്തിലെ മര്‍ദ്ദം അദ്ദേഹത്തിന്റെ ഹൃദയത്തിനു താങ്ങാവുന്നതിലുമധികമായിരുന്നതിനാല്‍ ഇറങ്ങുന്നവേളയില്‍ അദ്ദേഹം മരിച്ചു. കൊടുമുടിയെ തങ്ങളുടെ യാത്രയുടെ അവസാനമായി കരുതരുതെന്ന് ഒരു മെഡിക്കല്‍ വിദഗ്ധന്‍ മലകയറ്റക്കാര്‍ക്കു മുന്നറിയിപ്പു നല്‍കുന്നു. 'തങ്ങള്‍ മരണമേഖലയിലാണുള്ളത്' എന്ന് ഓര്‍മ്മിച്ചുകൊണ്ട് അവര്‍ വേഗത്തില്‍ താഴേയ്ക്കിറങ്ങണം.
മുകളിലേക്കുള്ള അപകടകരമായ കയറ്റത്തെ ദാവീദ് അതിജീവിച്ചു. അവന്‍ സിംഹങ്ങളെയും കരടികളെയും കൊന്നു, ഗൊല്യാത്തിനെ കൊന്നു, ശൗലിന്റെ കുന്തത്തെയും പിന്തുടര്‍ന്ന സൈന്യത്തെയും ഒഴിഞ്ഞുപോയി, ഫെലിസ്ത്യരെയും അമ്മോന്യരെയും കീഴടക്കി പര്‍വതത്തിന്റെ രാജാവായി.
എന്നാല്‍ താന്‍ മരണമേഖലയിലാണെന്ന് ദാവീദ് മറന്നു. അവന്റെ വിജയത്തിന്റെ ഉച്ചകോടിയില്‍, 'ചെന്നിടത്തൊക്കെയും യഹോവ അവനു ജയം നല്കിയ' (2 ശമൂവേല്‍ 8:6) സമയത്ത്, അവന്‍ വ്യഭിചാരവും കൊലപാതകവും ചെയ്തു. അവന്റെ പ്രാരംഭ തെറ്റ്? അവന്‍ കൊടുമുടിയില്‍ താമസിച്ചു. അവന്റെ സൈന്യം പുതിയ വെല്ലുവിളികള്‍ നേരിടാന്‍ പുറപ്പെട്ടപ്പോള്‍, അവന്‍ “യെരൂശലേമില്‍ തന്നെ താമസിച്ചു’’ (11:1). ദാവീദ് ഒരിക്കല്‍ ഗൊല്യാത്തിനെതിരെ പോരാടാന്‍ സന്നദ്ധനായി; ഇപ്പോള്‍ അവന്‍ തന്റെ വിജയങ്ങളുടെ അംഗീകാരങ്ങളില്‍ വിശ്രമിച്ചു.
നിങ്ങള്‍ പ്രത്യേകതയുള്ളവനാണെന്ന് ദൈവമടക്കം എല്ലാവരും പറയുമ്പോള്‍, തറയില്‍ നില്‍ക്കാന്‍ പ്രയാസമാണ് (7:11-16). പക്ഷേ നാമതു ചെയ്യണം. നാം ചില വിജയങ്ങള്‍ നേടിയിട്ടുണ്ടെങ്കില്‍, നാം ഈ നേട്ടങ്ങള്‍ ഉചിതമായി ആഘോഷിക്കുകയും അഭിനന്ദനങ്ങള്‍ സ്വീകരിക്കുകയും ചെയ്‌തേക്കാം, പക്ഷേ നാം മുന്നോട്ടു പോകണം. ഞങ്ങള്‍ മരണമേഖലയിലാണ്. മലയിറങ്ങുക. നിങ്ങളുടെ ഹൃദയത്തെയും ചുവടുകളെയും കാത്തുസൂക്ഷിക്കാന്‍ ദൈവത്തോട് അപേക്ഷിച്ചുകൊണ്ട് താഴ്‌വരയിലുള്ള മറ്റുള്ളവരെ താഴ്മയോടെ സേവിക്കുക.
ന്യൂട്രലിലേക്കു മാറ്റുക
കാര്‍ വാഷില്‍ എന്റെ മുമ്പിലുള്ളയാള്‍ ഒരു ദൗത്യത്തിലായിരുന്നു. അയാള്‍ തന്റെ പിക്കപ്പിന്റെ പുറകിലേക്കു കയറി കൊളുത്തു നീക്കം ചെയ്തു, ശക്തിയേറിയ റോളിങ് ബ്രഷുകളെ അവ തടസ്സപ്പെടുത്താതിരിക്കാനായിരുന്നു അത്. ജോലിക്കാരനു പണം നല്‍കിയ ശേഷം, ഓട്ടോമേറ്റഡ് ട്രാക്കിലേക്കു ട്രക്ക് ഡ്രൈവ് മോഡില്‍ ഓടിച്ചുകയറ്റി. ജോലിക്കാരന്‍ വിളിച്ചു കൂവി, “ന്യൂട്രല്‍! ന്യൂട്രല്‍!'' എന്നാല്‍ ആ മനുഷ്യന്റെ ജനാലകള്‍ മുകളിലായിരുന്നു, അയാള്‍ക്കതു കേള്‍ക്കാന്‍ കഴിഞ്ഞില്ല. നാലു സെക്കന്‍ഡിനുള്ളില്‍ അയാള്‍ കാര്‍ വാഷിലൂടെ കടന്നുപോയി, അയാളുടെ ട്രക്ക് നനഞ്ഞുപോലുമില്ല!
ഏലീയാവും ഒരു ദൗത്യത്തിലായിരുന്നു. വലിയ രീതിയില്‍ ദൈവത്തെ സേവിക്കുന്ന തിരക്കിലായിരുന്നു ഏലീയാവ്. അമാനുഷിക പ്രകടനത്തിലൂടെ ബാലിന്റെ പ്രവാചകന്മാരെ ഏലീയാവ് പരാജയപ്പെടുത്തി, അത് ഏലീയാവിന്റെ ശക്തി ചോര്‍ത്തിക്കളഞ്ഞു (1 രാജാക്കന്മാര്‍ 18:16-39 കാണുക). അവന്‍ ന്യൂട്രലില്‍ സമയം ചിലവഴിക്കേണ്ടതാവശ്യമായിരുന്നു. ദൈവം ഏലീയാവിനെ ഹോരേബുപര്‍വ്വതത്തിലേക്കു കൊണ്ടുവന്നു. അവിടെ വളരെ മുമ്പുതന്നെ ദൈവം മോശെയ്ക്കു പ്രത്യക്ഷപ്പെട്ടിരുന്നു. വീണ്ടും ദൈവം പര്‍വ്വതത്തെ വിറപ്പിച്ചു. പക്ഷേ, പാറകളെ തകര്‍ക്കുന്ന കൊടുങ്കാറ്റിലോ ഭൂകമ്പത്തിലോ തീയിലോ ദൈവം ഉണ്ടായിരുന്നില്ല. പകരം, ദൈവം ശാന്തമായ ഒരു ശബ്ദത്തില്‍ ഏലീയാവിന്റെ അടുക്കല്‍ വന്നു. “ഏലീയാവ് അതു കേട്ടിട്ട് തന്റെ പുതപ്പുകൊണ്ടു മുഖം മൂടി പുറത്തു വന്ന് ഗുഹാമുഖത്തുനിന്നു'' (1 രാജാക്കന്മാര്‍ 19:13).
നിങ്ങളും ഞാനും ഒരു ദൗത്യത്തിലാണ്. നമ്മുടെ രക്ഷകനുവേണ്ടി വലിയ കാര്യങ്ങള്‍ നിറവേറ്റുന്നതിനായി നാം നമ്മുടെ ജീവിതം നയിക്കുന്നു. എന്നാല്‍ നാം ഒരിക്കലും ന്യൂട്രലിലേക്കു മാറുന്നില്ലെങ്കില്‍, നാം ജീവിതത്തിലൂടെ തെന്നിപ്പോകുകയും ദൈവത്തിന്റെ ആത്മാവിന്റെ വര്‍ഷം നഷ്ടപ്പെടുത്തുകയും ചെയ്യും. ദൈവം മന്ത്രിക്കുന്നു, 'മിണ്ടാതിരുന്നു ഞാന്‍ ദൈവമെന്ന് അറിഞ്ഞുകൊള്‍ക' (സങ്കീര്‍ത്തനം 46:10). 'ന്യൂട്രല്‍! ന്യൂട്രല്‍!''
ജനാലകള്‍
ഹിമാലയത്തിലെ മലഞ്ചരിവില്‍, ജനാലകളില്ലാത്ത കുറെ വീടുകള്‍ ഒരു സന്ദര്‍ശകന്റെ ശ്രദ്ധയില്‍പ്പെട്ടു. അവര്‍ രാത്രി ഉറങ്ങുമ്പോള്‍, പിശാചുക്കള്‍ തങ്ങളുടെ വീടുകളിലേക്കു കടന്നുകയറുമെന്ന് ഗ്രാമവാസികള്‍ ഭയപ്പെടുന്നതിനാലാണ് അവര്‍ വീടുകള്‍ക്കു ജനാലകള്‍ വയ്ക്കാത്തതെന്നു ഗൈഡ് വിശദീകരിച്ചു. എന്നാല്‍ ഒരു വീട്ടുടമ യേശുവിനെ അനുഗമിക്കാന്‍ തുടങ്ങുമ്പോള്‍, വീട്ടിനുള്ളില്‍ വെളിച്ചം പ്രവേശിക്കുന്നതിനായി അയാള്‍ വീടിനു ജനാല സ്ഥാപിക്കുമെന്നു നമുക്കു പറയാനാവും.
സമാനമായ ഒരു പരിവര്‍ത്തനം നമ്മില്‍ സംഭവിക്കാം. പക്ഷേ നാമത് ആ രീതിയിലായിരിക്കുകയില്ല കാണുന്നത്. നമ്മെ ഭയപ്പെടുത്തുന്നതും ധ്രുവീകരിക്കുന്നതുമായ ഒരു കാലത്താണു നാം ജീവിക്കുന്നത്. കുടുംബങ്ങളെയും സുഹൃത്തുക്കളെയും ഭിന്നിപ്പിക്കുന്ന കോപാക്രാന്തമായ ഭിന്നതകള്‍ സാത്താനും ദുരാത്മാക്കളും നമ്മിലുളവാക്കുന്നു. എന്റെ മതിലുകള്‍ക്കു പിന്നില്‍ ആരോ ഒളിച്ചിരിക്കുന്നതായി എനിക്കു പലപ്പോഴും തോന്നും. എന്നാല്‍ ഞാന്‍ ഒരു ജനാല ഉണ്ടാക്കണമെന്നാണ് യേശു ആഗ്രഹിക്കുന്നത്.
യിസ്രായേല്‍ ഉയര്‍ന്ന മതിലുകളില്‍ അഭയം തേടി, എന്നാല്‍ അവരുടെ സുരക്ഷ തന്നിലാണെന്നു ദൈവം അവരോടു പറഞ്ഞു. അവിടുന്നു സ്വര്‍ഗ്ഗത്തില്‍നിന്നു വാഴുന്നു, അവിടുത്തെ വചനം എല്ലാവരെയും ഭരിക്കുന്നു (യെശയ്യാവ് 55:10-11). യിസ്രായേല്‍ തന്നിലേക്കു മടങ്ങിവന്നാല്‍, ദൈവം അവരോടു 'കരുണ കാണിക്കുകയും'' (വാ. 7), ലോകത്തെ അനുഗ്രഹിക്കാനായി അവരെ തന്റെ ജനമായി പുനഃസ്ഥാപിക്കുകയും ചെയ്യും (ഉല്പത്തി 12:1-3). അവിടുന്ന് അവരെ ഉയര്‍ത്തി, ആത്യന്തികമായി ഒരു ജയഘോഷയാത്രയില്‍ അവരെ നയിക്കും. അവരുടെ ആഘോഷം 'യഹോവയ്ക്ക് ഒരു കീര്‍ത്തിയായും ഛേദിക്കപ്പെടാത്ത ശാശ്വതമായൊരു അടയാളമായും ഇരിക്കും'' (യെശയ്യാവ് 55:13).
ചിലപ്പോള്‍ മതിലുകള്‍ ആവശ്യമാണ്. ജനാലകളുള്ള മതിലുകള്‍ മികച്ചതാണ്. ഭാവിയെ സംബന്ധിച്ചു നാം ദൈവത്തെ വിശ്വസിക്കുന്നുവെന്ന് അവ ലോകത്തെ കാണിക്കുന്നു. നമ്മുടെ ഭയം യഥാര്‍ത്ഥമാണ്. നമ്മുടെ ദൈവം അതിലും വലിയവനാണ്. ജനാലകള്‍ നമ്മെ ലോകത്തിന്റെ വെളിച്ചമായ യേശുവിലേക്കും (യോഹന്നാന്‍ 8:12) അവിടുത്തെ ആവശ്യമുള്ള മറ്റുള്ളവരിലേക്കും തുറക്കുന്നു.
നിങ്ങളുടെ മൂക്ക് കിട്ടി
'എന്തുകൊണ്ടാണ് പ്രതിമകളുടെ മൂക്കുകള്‍ തകര്‍ന്നത്?'' ബ്രൂക്ക്‌ലിന്‍ മ്യൂസിയത്തിലെ ഈജിപ്ഷ്യന്‍ കലയുടെ ക്യൂറേറ്റര്‍ എഡ്വേര്‍ഡിനോട് സന്ദര്‍ശകര്‍ ചോദിക്കുന്ന ആദ്യത്തെ ചോദ്യമിതാണ്.
സാധാരണയായി സംഭവിക്കുന്ന പൊട്ടലോ കേടോ ആയിട്ട് എഡ്വേര്‍ഡിന് അതിനെ തള്ളിക്കളയാനാവില്ല; ദ്വിമാന വര്‍ണ്ണം ഉപയോഗിക്കുന്നവയില്‍ പോലും മൂക്കു കാണുന്നില്ല. അത്തരം കേടുപാടുകള്‍ മനഃപൂര്‍വമായിരുന്നിരിക്കാമെന്ന് അദ്ദേഹം അനുമാനിക്കുന്നു. ശത്രുക്കള്‍ ഈജിപ്തിലെ ദേവന്മാരെ കൊല്ലാനാണ് ഉദ്ദേശിച്ചത്. അവരോടൊപ്പം 'നിങ്ങളുടെ മൂക്കു കിട്ടി'' എന്ന കളി കളിക്കുന്നതു പോലെയായിരുന്നു ഇത്. അവ ശ്വസിക്കാതിരിക്കാന്‍ അധിനിവേശ സൈന്യം ഈ വിഗ്രഹങ്ങളുടെ മൂക്കു പൊട്ടിച്ചുകളഞ്ഞിരിക്കാം.
ശരിക്കും? അതിന് അത്രമാത്രം മതിയോ? ഇതുപോലുള്ള ദേവന്മാരെ ആരാധിക്കുന്ന താന്‍ കുഴപ്പത്തിലായെന്ന് ഫറവോന്‍ അറിഞ്ഞിരിക്കണം. ഒരു സൈന്യവും ഒരു രാജ്യത്തിന്റെ മുഴുവന്‍ പിന്തുണയും ഫറവോനുണ്ടായിരുന്നു. എബ്രായരാകട്ടെ ഭയപ്പെട്ട് ഓടിപ്പോയ ഭീരുവായ മോശെയുടെ നേതൃത്വത്തിലുള്ള, ക്ഷീണിച്ചവശരായ ഒരു കൂട്ടം അടിമകളായിരുന്നു. എന്നാല്‍ യിസ്രായേലിനൊപ്പം ജീവനുള്ള ദൈവം ഉണ്ടായിരുന്നു; ഫറവോന്റെ ദേവന്മാര്‍ നാട്യക്കാരായിരുന്നു. പിന്നീട്, പത്തു ബാധകള്‍ അവരുടെ സാങ്കല്പികജീവിതം തട്ടിയെടുത്തു.
ഒരാഴ്ച പുളിപ്പില്ലാത്ത അപ്പം ഭക്ഷിച്ചുകൊണ്ട് പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം ആചരിച്ച് യിസ്രായേല്‍ വിജയം ആഘോഷിച്ചു (പുറപ്പാട് 12:17; 13:7-9). പുളിപ്പ് പാപത്തെ പ്രതിനിധീകരിക്കുന്നു, തങ്ങളുടെ രക്ഷിക്കപ്പെട്ട ജീവിതം പൂര്‍ണ്ണമായും ദൈവത്തിന്റേതാണെന്ന് തന്റെ ജനത ഓര്‍ക്കണമെന്നു ദൈവം ആഗ്രഹിച്ചു.
നമ്മുടെ പിതാവ് വിഗ്രഹങ്ങളോട്, 'നിങ്ങളുടെ മൂക്ക് കിട്ടി'' എന്നും മക്കളോട് 'നിങ്ങളുടെ ജീവന്‍ ലഭിച്ചു'' എന്നും പറയുന്നു. നിങ്ങള്‍ക്കു ശ്വാസം നല്‍കുന്ന ദൈവത്തെ സേവിക്കുകയും ദൈവത്തിന്റെ സ്‌നേഹനിര്‍ഭരമായ കരങ്ങളില്‍ വിശ്രമിക്കുകയും ചെയ്യുക.
ധൈര്യം വരിച്ചുകൊണ്ട്
സുവിശേഷത്തിനു വാതില്‍ അടയ്ക്കപ്പെട്ടിരിക്കുന്ന ഒരു രാജ്യത്താണ് ആന്‍ഡ്രൂ ജീവിക്കുന്നത്. എങ്ങനെയാണ് അദ്ദേഹം തന്റെ വിശ്വാസം രഹസ്യമായി സൂക്ഷിക്കുന്നതെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ താന്‍ അങ്ങനെ ചെയ്യുന്നില്ല എന്നദ്ദേഹം പറഞ്ഞു. തന്റെ സഭയെ പരസ്യപ്പെടുത്തുന്ന ഒരു ബട്ടണ്‍ അദ്ദേഹം ധരിക്കുന്നു, അറസ്റ്റുചെയ്യുമ്പോഴെല്ലാം ''അവര്‍ക്കും യേശുവിനെ ആവശ്യമുണ്ട്'' എന്ന് പോലീസിനോട് അദ്ദേഹം പറയുന്നു. തന്റെ പക്ഷത്ത് ആരാണുള്ളതെന്ന് അറിയാവുന്നതിനാല്‍ ആന്‍ഡ്രൂവിന് ധൈര്യമുണ്ട്.
അവനെ അറസ്റ്റുചെയ്യാന്‍ യിസ്രായേല്‍ രാജാവ് അമ്പത് സൈനികരെ അയച്ചപ്പോള്‍ ഏലീയാവ് ഭയപ്പെട്ടില്ല (2 രാജാക്കന്മാര്‍ 1:9). ദൈവം തന്നോടൊപ്പമുണ്ടെന്ന് പ്രവാചകന് അറിയാമായിരുന്നു. സ്വര്‍ഗ്ഗത്തില്‍ നിന്നു തീയിറക്കി അവന്‍ അവരെ നശിപ്പിച്ചു. രാജാവ് കൂടുതല്‍ പട്ടാളക്കാരെ അയച്ചു, ഏലീയാവ് അവരെയും നശിപ്പിച്ചു (വാ. 12). രാജാവ് മൂന്നാമതും പടയാളികളെ അയച്ചെങ്കിലും അവര്‍ മുമ്പത്തെ പടയാളികള്‍ക്കു സംഭവിച്ച കാര്യം കേട്ടിരുന്നു. തന്റെ സൈനികരുടെ ജീവന്‍ രക്ഷിക്കണമെന്ന് ക്യാപ്റ്റന്‍ ഏലീയാവിനോട് അപേക്ഷിച്ചു. ഏലീയാവ് അവരെ ഭയപ്പെട്ടതിനേക്കാള്‍ അധികം അവര്‍ അവനെ ഭയപ്പെട്ടിരുന്നു, അതിനാല്‍ അവരോടൊപ്പം പോകുന്നത് സുരക്ഷിതമാണെന്ന് കര്‍ത്താവിന്റെ ദൂതന്‍ ഏലീയാവിനോട് പറഞ്ഞു (വാ. 13-15).
നമ്മുടെ ശത്രുക്കളുടെ മേല്‍ തീയിടാന്‍ നാം പ്രാര്‍ത്ഥിക്കണമെന്ന് യേശു ആഗ്രഹിക്കുന്നില്ല. ഒരു ശമര്യ ഗ്രാമത്തെ തീയിറക്കി നശിപ്പിക്കട്ടെ എന്ന് ശിഷ്യന്മാര്‍ ചോദിച്ചപ്പോള്‍ യേശു അവരെ ശാസിച്ചു (ലൂക്കൊസ് 9:51-55). നാം മറ്റൊരു സമയത്താണ് ജീവിക്കുന്നത്. എന്നാല്‍ ഏലീയാവിന്റെ ധൈര്യം നമുക്കുണ്ടാകണമെന്ന് യേശു ആഗ്രഹിക്കുന്നു - അവര്‍ക്കുവേണ്ടി മരിച്ച രക്ഷകനെക്കുറിച്ച് എല്ലാവരോടും പറയാനുള്ള ധൈര്യം. ഒരു വ്യക്തി അമ്പത് പേരെ നേരിടുന്നതായി തോന്നാം, പക്ഷേ യഥാര്‍ത്ഥത്തില്‍ ഒന്ന് അമ്പതിനു തുല്യമാണ്. നാം ധൈര്യത്തോടെ സ്‌നേഹിക്കാനും മറ്റുള്ളവരെ സമീപിക്കാനും ആവശ്യമായ കാര്യങ്ങള്‍ യേശു നല്‍കുന്നു.
നിങ്ങളുടെ ഗാനം എന്താണ്?
2015-ല്‍ ലിന്‍-മാനുവല്‍ മിറാന്‍ഡ തന്റെ ഹിറ്റ് സംഗീതശില്പം ഹാമില്‍ട്ടണ്‍ എഴുതുന്നതുവരെ മിക്ക അമേരിക്കക്കാര്‍ക്കും അലക്‌സാണ്ടര്‍ ഹാമില്‍ട്ടനെക്കുറിച്ച് (ഒരു അമേരിക്കന്‍ രാഷ്ട്രതന്ത്രജ്ഞനും അമേരിക്കയുടെ സ്ഥാപക പിതാക്കന്മാരില്‍ ഒരാളും) വളരെ കുറച്ച് മാത്രമേ അറിയുമായിരുന്നുള്ളു. ഇപ്പോള്‍ അമേരിക്കയിലെ സ്‌കൂള്‍ കുട്ടികള്‍ക്ക് ഹാമില്‍ട്ടന്റെ കഥ മനഃപാഠമാണ്. ബസ്സിലും വിശ്രമവേളയിലും അവര്‍ അതു പരസ്പരം പാടുന്നു.
സംഗീതത്തിന്റെ ശക്തി ദൈവത്തിന് അറിയാം, അതിനാല്‍ ''ഈ പാട്ട് എഴുതി യിസ്രായേല്‍മക്കളെ പഠിപ്പിക്കുക: യിസ്രായേല്‍മക്കളുടെ നേരെ ഈ പാട്ട് എനിക്ക് സാക്ഷിയായിരിക്കേണ്ടതിന് അത് അവര്‍ക്ക് വായ്പാഠമാക്കിക്കൊടുക്കുക'' എന്ന് ദൈവം മോശയോട് പറഞ്ഞു (ആവര്‍ത്തനം 31:19). മോശെയുടെ കാലശേഷം, താന്‍ യിസ്രായേലിനെ വാഗ്ദത്ത ദേശത്തേക്ക് കൊണ്ടുവന്നുകഴിയുമ്പോള്‍, അവര്‍ തന്നോടു മത്സരിച്ച് അന്യദൈവങ്ങളെ ആരാധിക്കുമെന്ന് ദൈവം അറിഞ്ഞിരുന്നു. അതുകൊണ്ട് അവന്‍ മോശെയോടു പറഞ്ഞു, ''അവരുടെ സന്തതിയുടെ വായില്‍നിന്നു മറന്നുപോകാത്ത ഈ പാട്ട് അവരുടെ നേരെ സാക്ഷ്യം പറയും' (വാ. 21).
ഗാനങ്ങള്‍ മറക്കുക ഏതാണ്ട് അസാധ്യമാണ്, അതിനാല്‍ നമ്മള്‍ പാടുന്നത് എന്താണ് എന്നതിനെക്കുറിച്ച് ഒരു തിരഞ്ഞെടുപ്പു നല്ലതാണ്. ചില ഗാനങ്ങള്‍ വിനോദത്തിനായി മാത്രമുള്ളതാണ്, അത് നല്ലതാണ്, എന്നാല്‍ യേശുവില്‍ പ്രശംസിക്കുകയും നമ്മുടെ വിശ്വാസത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഗാനങ്ങളില്‍ നിന്നാണ്് നമുക്കു പ്രയോജനം ലഭിക്കുന്നത്. 'സമയം തക്കത്തില്‍ ഉപയോഗിക്കാനുള്ള' വഴികളില്‍ ഒന്ന്് 'സങ്കീര്‍ത്തനങ്ങളാലും സ്തുതികളാലും ആത്മികഗീതങ്ങളാലും തമ്മില്‍ സംസാരിക്കുകയും' ചെയ്യുന്നതാണ്. അതിനാല്‍ നിങ്ങളുടെ 'ഹൃദയത്തില്‍ കര്‍ത്താവിനു പാടിയും കീര്‍ത്തനം ചെയ്തും' മുമ്പോട്ടു പോകുക (എഫെസ്യര്‍ 5:15-19 കാണുക).
ഗാനങ്ങള്‍ നമ്മുടെ ഹൃദയത്തിന്റെ ദിശയെ സൂചിപ്പിക്കുന്നതാകാം. അതിലെ വാക്കുകള്‍ വളരെയധികം യേശുവിനെക്കുറിച്ചുള്ളതാണോ? നാം അവയെ പൂര്‍ണ്ണഹൃദയത്തോടെ പാടുന്നുണ്ടോ? നാം പാടുന്നത് നമ്മള്‍ വിശ്വസിക്കുന്നതിനെ സ്വാധീനിക്കും, അതിനാല്‍ വിവേകത്തോടെ തിരഞ്ഞെടുത്ത് ഉച്ചത്തില്‍ പാടുക.